ശ്രേഷ്ഠ ഇടയനായ യേശുവിന്റെ മാതൃക

Home > Resources > Articles > Jesus The Great Shepherd

ബൈബിളിലെ സുവിശേഷങ്ങൾ യേശുവിനെ വെറുമൊരു മതാചാര്യനായിട്ടല്ല പരിചയപ്പെടുത്തുന്നത്. ഏബ്രായ തിരുവെഴുത്തുകളിൽ ദൈവം വാഗ്ദാനം ചെയ്ത ശ്രേഷ്ഠ ഇടയൻ അഥവാ മ്ശിഹായാണ് യേശു. ലോകത്തിന്റെ ഇടയനും നാഥനുമായി ദൈവം യേശുവിനെ നിയോഗിച്ചു. മനസ്സലിവും സ്നേഹവും യേശുവിന്റെ ഇടയ ശുശ്രൂഷയുടെ മുഖമുദ്രയായിരുന്നു. ആ മഹാ ഇടയൻ നഷ്ടപ്പെട്ടവരെ തേടി വന്നു രക്ഷിച്ചു. സമഗ്രമായ രീതിയിൽ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റി. സ്നേഹത്തിന്റെയും പരിപാലനത്തിന്റെയും ഉത്തമ മാതൃകയാണ് യേശു കാഴ്ച വച്ചത്. ആ മാതൃകയുടെ വിവിധ സവിശേഷതകളെ വിശദീകരിക്കാം.

1. യേശു നല്ല ഇടയൻ

ദൈവവും തന്റെ ജനവും തമ്മിലുള്ള ബന്ധത്തെ ഒരു ഇടയനും ആട്ടിൻ കൂട്ടവും തമ്മിലുള്ള ബന്ധമായി ഏബ്രായ ബൈബിൾ നമ്മെ കാണിക്കുന്നു. ദൈവത്തെ ഇടയനായി വിവിധ വേദഭാഗങ്ങൾ ആവർത്തിച്ച് ചിത്രീകരിക്കുന്നു (സങ്കീ. 23; യെശ. 40:11; യെഹെ. 34).

“ഞാൻ നല്ല ഇടയനാണ്” എന്ന് യേശു സ്വയം പ്രഖ്യാപിച്ചപ്പോൾ (യോഹന്നാൻ 10:11), അവൻ യഹൂദർക്കു സുപരിചിതമായ ഒരു അലങ്കാര ഭാഷയാണ് ഉപയോഗിച്ചത്. പക്ഷേ അത് അലങ്കാരഭാഷയിൽ ഒതുങ്ങുന്നില്ല. ജനങ്ങളുടെ മേൽ ഉടമസ്ഥാവകാശമുള്ള ദൈവമാണ് താൻ എന്ന് യേശു യഹൂദരോടു പറയുകയായിരുന്നു. യെഹെസ്‌കേൽ മുപ്പത്തിനാലാം അദ്ധ്യായത്തിൽ ദൈവം ചില ഇടയന്മാരെ കുറ്റം വിധിച്ചിരുന്നു. അശ്രദ്ധരും സ്വാർത്ഥരുമായ ആ ഇടയന്മാരിൽ നിന്ന് വ്യത്യസ്തമായി “ആടുകൾക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കുന്ന” ഒരാളായി യേശു തന്നെത്തന്നെ വിശേഷിപ്പിച്ചു. ഈ ത്യാഗപരമായ സമീപനം അവന്റെ ശുശ്രൂഷയുടെ കേന്ദ്രബിന്ദുവാണ്. അപകടം വരുമ്പോൾ ആട്ടിൻകൂട്ടത്തെ ഉപേക്ഷിക്കുന്ന “കൂലിക്കാരിൽ” നിന്ന് ഇത് തന്നെ വ്യത്യസ്തനാക്കുന്നു. സ്വന്ത രക്തം ചിന്തേണ്ടി വന്നാലും ആടുകളുടെ സുരക്ഷയും ക്ഷേമവും താൻ ഉറപ്പു വരുത്തും എന്നാണ്. യേശു പറഞ്ഞത്. ഈ പ്രതിബദ്ധത യേശു എന്ന മഹാ ഇടയന്റെ ഏറ്റവും ഉത്തമ സ്വഭാവമാണ്.

2. ജനത്തെ കണ്ട് മനസ്സലിഞ്ഞ യേശു

നാഥനില്ലാതെ അലയുന്ന ജനാവലിയോട് യേശുവിനു അതിരറ്റ അനുകമ്പയും മനസ്സലിവും ഉണ്ടായിരുന്നു. തന്റെ പരസ്യ ശുശ്രൂഷയുടെ കാതലായ ഒരു സ്വഭാവമായിരുന്നു അത്. “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു” എന്ന് സുവിശേഷങ്ങൾ രണ്ടു തവണ രേഖപ്പെടുത്തുന്നു (മത്തായി 9:36; മർക്കോസ് 6:34). ഇത് ഒരു നല്ല ഇടയന്റെ ലക്ഷണമാണ്. യേശു മനസ്സലിഞ്ഞ് ജനങ്ങളെ പഠിപ്പിച്ചു, അവരെ സുഖപ്പെടുത്തി, അവർക്ക് ഭക്ഷണം നൽകി. ജനങ്ങളുടെ ആത്മീയ ശൂന്യതയും ശാരീരിക കഷ്ടപ്പാടുകളും യേശു കണ്ടു. ദൈവത്തിന്റെ മനസ്സലിവാണ് യേശു വെളിപ്പെടുത്തിയത്.

3. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിക്കുന്ന ഇടയൻ

“കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു യേശു പറഞ്ഞു. (ലൂക്കോസ് 19:10) ദൈവത്തിൽനിന്ന് അകന്ന് പാപത്തിന്റെ മരുഭൂമിയിൽ അലയുന്ന ഓരോ വ്യക്തിയേയും തേടിയാണ് യേശു വന്നത്. സ്വയം നീതീകരിക്കുന്നവരെ സഹായിപ്പാൻ തനിക്ക് കഴിയില്ല.

എന്നാൽ സമൂഹം ഉപേക്ഷിച്ച കുഷ്ഠ രോഗികളെ താൻ അന്വേഷിച്ചു പോയി. യഹൂദ-വിരോധികളായ റോമാക്കാർക്കു വേണ്ടി ചുങ്കം പിരിച്ചവരെ മതനേതാക്കൾ തള്ളിക്കളഞ്ഞു. പക്ഷേ അങ്ങനെ ജീവിച്ച ചുങ്കക്കാരൻ സക്കായിയെ യേശു തേടിപ്പിടിച്ചു. നികുതി പിരിച്ചുകൊണ്ടിരുന്ന മത്തായി എന്ന ലേവിയെയും താൻ തന്റെ ശിഷ്യനാക്കി. നഷ്ടപ്പെട്ട ആടിനെ തേടി പോയ ഇടയനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ പ്രസിദ്ധമാണ് (ലൂക്കോസ് 15:3-7). തൊണ്ണൂറ്റി ഒമ്പത് സുരക്ഷിത ആടുകളെ വിട്ടിട്ട് വഴി തെറ്റിപ്പോയതിനെ കണ്ടെത്തുന്ന ആ ഇടയൻ യേശുവാണ്. വ്യഭിചാരത്തിൽ ഏർപ്പെട്ട പുരുഷൻ രക്ഷപ്പെട്ടപ്പോൾ പിടിക്കപ്പെട്ട സ്ത്രീയോട് യേശു കരുണ കാണിച്ചു. പാപിനിയായ ഒരു സ്ത്രീ അനുതാപത്തിന്റെ കണ്ണുനീരു കൊണ്ട് തന്റെ പാദങ്ങൾ കഴുകിയപ്പോൾ അവളുടെ പാപം യേശു ക്ഷമിച്ചു. സുരക്ഷിതരായി കഴിയുന്ന നീതിമാന്മാരുടെ കൂടെ മാത്രം സമയം ചിലവഴിക്കുവാൻ താത്പര്യപ്പെടുന്ന ക്രൈസ്തവ നേതാക്കൾ ശ്രദ്ധിക്കേണ്ട മാതൃകയാണ് യേശു വരച്ചുകാട്ടിയത്.

4. സമഗ്രമായ കരുതൽ

യേശു മനഷ്യരുടെ എല്ലാ തലങ്ങളിലുമുള്ള ആവശ്യങ്ങളെയും നിറവേറ്റുവാൻ മനസ്സുള്ളവനാണ്. ആത്മാവ്, മനസ്സ്, ശരീരം എന്നിവയുടെ ആവശ്യങ്ങളെ യേശു തിരിച്ചറിഞ്ഞു വിവേചനം കൂടാതെ ജനങ്ങളെ ശുശ്രൂഷിച്ചു.

അവൻ രോഗികളെ സുഖപ്പെടുത്തി, ഭൂതബാധിതരെ വിടുവിച്ചു, മരിച്ചവരെ ഉയിർപ്പിച്ചു, വിശക്കുന്നവർക്ക് ഭക്ഷണം സൗജന്യമായി നൽകി, ദൈവീക അധികാരത്തോടെ ജനത്തെ പഠിപ്പിച്ചു (മത്താ. 5–7). അശുദ്ധരെന്നു മുദ്രകുത്തി സമൂഹം ഒറ്റപ്പെടുത്തിയ കുഷ്ഠ രോഗികളെ അവൻ തൊട്ടു സുഖപ്പെടുത്തി. അവന്റെ വാക്കുകൾ ജനങ്ങളെ ആശ്വസിപ്പിച്ചു. കരഞ്ഞവരുടെ കൂടെ താനും കരഞ്ഞു. ഇടയ ശുശ്രൂഷ പ്രസംഗത്തിൽ മാത്രം ഒതുങ്ങാൻ കഴിയില്ലെന്ന് യേശു തെളിയിച്ചു. അതിന് സാന്നിധ്യം, അനുകമ്പ, പ്രായോഗിക സഹായം, വൈകാരിക പിന്തുണ എന്നിവ ആവശ്യമാണ്. പത്രോസിന്റെ അമ്മായിയമ്മയെ പോലും ആരും ആവശ്യപ്പെടാതെ തന്നെ അവൻ സുഖപ്പെടുത്തി (മർക്കൊസ് 1:29–31).

പത്രോസ് ആത്മീകമായി തകരാൻ സാധ്യതയുണ്ട് എന്ന് മുൻകൂട്ടി കണ്ട യേശു അവന്നു വേണ്ടി പ്രാർത്ഥിച്ചു. “ശിമോനേ, ശിമോനെ, സാത്താൻ നിന്നെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു.” (ലൂക്കോസ് 22.31-32). പരീക്ഷയിൽ അകപ്പെട്ടു തന്നെ തള്ളിപ്പറഞ്ഞ പത്രോസിനെ പിന്നീട് യഥാസ്ഥാനപ്പെടുത്തുവാൻ യേശു പ്രത്യേകം ശ്രദ്ധിച്ചു.

5. യേശുവിന്റെ കീഴിൽ ഇടയന്മാർ

യേശു തന്റെ ശുശ്രൂഷ ഒറ്റയ്ക്ക് നിർവഹിച്ചില്ല. അവൻ ശിഷ്യന്മാരെ തിരഞ്ഞെടുത്തു, അവരെ പരിശീലിപ്പിച്ചു, അവരെ അയയ്ച്ചു. തന്റെ ദൗത്യം അവരെ ഏൽപ്പിച്ചു. (മർക്കോസ് 3:13–15; ലൂക്കോസ് 9:1–6). തന്റെ പുനരുത്ഥാനത്തിനു ശേഷം അവൻ പത്രോസിനു ഒരു പ്രത്യേക ഇടയ ചുമതല നൽകി — “എന്റെ കുഞ്ഞാടുകളെ മേയ്ക്കുക … എന്റെ ആടുകളെ പരിപാലിക്കുക” (യോഹന്നാൻ 21:15–17) – വിശ്വസ്തരായ കീഴ് ഇടയന്മാരിലൂടെ അവന്റെ ആട്ടിൻ കൂട്ടത്തെ അവൻ തുടർന്നും പരിപാലിക്കും എന്ന് ഇത് സൂചിപ്പിക്കുന്നു. യേശു എന്ന മഹായിടയൻ പ്രത്യക്ഷനാകുമ്പോൾ” തനിക്കു വേണ്ടി ഇടയ ശുശ്രൂഷ ചെയ്തവരെ താൻ ആദരിക്കും, അവർക്ക് പ്രതിഫലം നൽകും എന്ന് പിന്നീട് പത്രോസ് എഴുതി (1 പത്രോ. 5:1–4).

പക്ഷേ യേശുവിന്റെ വേലക്കാർ ഉന്മേഷത്തോടെയും നല്ല ഉദ്ദേശത്തോടെയും ഇടയ ശുശ്രൂഷ നിർവഹിക്കേണം. മനസ്സില്ലാമനസ്സോടെ മറ്റുളളവരുടെ നിർബന്ധത്തിനു വഴങ്ങി അത് ചെയ്യരുത്. ഈ ശുശ്രൂഷ ചെയ്യുന്നതു വഴി ഭൗതീക സമ്പത്ത് വർദ്ധിപ്പിക്കാം എന്ന ദുരാഗ്രഹവും പാടില്ല. പത്രോസ് മൂപ്പന്മാർക്ക് എഴുതിയത് വാക്കുകൾ ശ്രദ്ധേയമാണ്.

“നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിൎബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂൎവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കൎത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീൎന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‌വിൻ. എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.” (1 പത്രോ. 5:1–4).

ഇത് യേശുവെന്ന ഇടയശ്രേഷ്ഠന്റെ മാതൃകയെ പ്രതിധ്വനിപ്പിക്കുന്നു. ഭക്ഷണത്തിനും വിശ്രമത്തിനും പോലും സമയം കിട്ടാതെ യേശു ജനങ്ങളെ സേവിച്ചു. തനിക്ക് എന്തു കിട്ടും എന്ന് ചിന്തിക്കാതെ മറ്റുള്ളവർക്കു വേണ്ടി സ്വയം യേശു തന്റെ ജീവൻ പകർന്നു കൊടുത്തു. എന്റെ നുകം മൃദുവായ നുകമാണ് എന്ന് യേശു പറഞ്ഞു. ജനത്തിന്റെ മേൽ കഠിന ഭാരം ചുമത്തി അവരെ കൊണ്ട് തന്റെ കാലുകൾ താൻ കഴുകിപ്പിച്ചില്ല. മറിച്ച്, ഒരു അടിമയെപ്പോലെ യേശു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി.

യേശുവിന്റെ കീഴിലുള്ള ചെറിയ ഇടയന്മാർ യേശുവിനെ മാതൃകയാക്കണം. മനുഷ്യരുടെ ബഹുമാനം പിടിച്ചു പറ്റുവാൻ ബദ്ധപ്പെട്ട യഹൂദ മതനേതാക്കാന്മാരെ പോലെ തന്റെ ശിഷ്യന്മാർ ചെയ്യരുത് എന്ന് യേശു അനുശാസിച്ചു.

“അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവൎക്കു പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വൎഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. തന്നെത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയൎത്തപ്പെടും.“ (മത്തായി 23.6-12)

സ്ഥാനമോ സ്ഥാനപ്പേരോ ആരെയും ഒരു ഇടയനാക്കില്ല. അധികാരം കയ്യാളി ജനത്തെ കീഴ്പ്പെടുത്തുവാനുള്ള മാർഗ്ഗവുമല്ലിത്. മാതൃകാ ജീവിതം നയിക്കുന്നതു വഴി യേശുവിനെ പോലെയുള്ള ഒരു ഇടയാനാകാൻ സാധിക്കൂ. മാതൃകാ ജീവിതത്തിന്റെ ഉടമയ്ക്കു മാത്രമേ മറ്റുള്ളവരെ നയിക്കുവാൻ യോഗ്യതയുള്ളൂ.

6. ഇടയ-രാജാവ്

ബൈബിളിൾ രാജാക്കന്മാരെ ഇടയന്മാർ എന്ന വിളിച്ചിട്ടുണ്ട്. രാജാക്കന്മാർ തങ്ങളുടെ ജനത്തെ നീതിയോടെ സംരക്ഷിക്കുകയും പരിപാലിക്കുകയും നേരായ മാൎഗ്ഗത്തിലൂടെ നടത്തുകയും ചെയ്യേണം എന്ന് ഒരു ധാരണയുണ്ടായിരുന്നു. അവർ അതിൽ പരാജയപ്പെട്ടു. എന്നാൽ ഇസ്രായേലിന്റെ യഥാൎത്ഥ ഇടയൻ (രാജാവ്, മ്ശിഹാ) ദാവീദ് സന്തതിയായ യേശുവാണ്.

“എന്റെ ദാസനായ ദാവീദ് അവൎക്കു (ഇസ്രായേലിനു) രാജാവായിരിക്കും” (യെഹ 37:24) എന്ന് യെഹസ്കേലിലൂടെ ദൈവം പറഞ്ഞത് ദാവീദിനെ കുറിച്ചല്ല, യേശുവിനെ കുറിച്ചാണ്. അതുകൊണ്ടാണ് യേശു രാജാവായി യെറുശലേമിലേക്ക് എഴുന്നെള്ളിയത് (സെഖ 9.9). അവനെ അവർ മുൾക്കിരീടം അണിയിച്ചു. ഇവൻ രാജാവാണ് എന്ന് സ്വയം പറയുന്നു എന്ന് അവനെ കുറ്റപ്പെടുത്തി. അവസാനം അവനെ ക്രൂശിച്ചപ്പോൾ “യഹൂദന്മാരുടെ രാജാവു്” എന്ന കുറ്റംപത്രം ക്രൂശിൽ തറച്ചു. ഉയിൎത്തെഴുന്നേറ്റ യേശു ഇസ്രായേലിന്റെ മാത്രമല്ല സൎവ്വലോകത്തിന്റെയും രാജാവായി ദൈവത്തിന്റെ വലത്ത് ഭാഗത്ത് അത്യുന്നത സിംഹാസനത്തിൽ ഉപവിഷ്ഠനായി. അവന്റെ രാജ്യത്തിന്റെ സുവിശേഷം പ്രസംക്കുവാൻ തന്റെ ശിഷ്യരെ യേശു ചുമതലപ്പെടുത്തി.

മഹത്വത്തിലേക്കുള്ള വഴി ക്രൂശിന്റെ വഴിയാണ് എന്ന് ഇത് നമ്മേ പഠിപ്പിക്കുന്നു. അവന്നു വേണ്ടി കഷ്ടം സഹിച്ചാൽ നാം അവനോടു കൂടെ വാഴും.

7. ഒരു ഇടയൻ, ഒരു ആട്ടിൻകൂട്ടം

യേശുവിന്റെ ഐഹീക ശുശ്രൂഷ ഇസ്രായേലിനെ കേന്ദ്രീകരിച്ചായിരുന്നു. എങ്കിലും തന്റെ അജപാലന ദൗത്യം ദേശീയ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു എന്ന് യേശു പറഞ്ഞു.

“ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.” (യോഹന്നാൻ 10:16)

യേശുവിന്റെ ആഗോള ദൎശനം ക്രൈസ്തവർക്കും അനിവാര്യമാണ്. നമ്മുക്ക് എല്ലാവരെയും സ്നേഹിക്കുവാനോ ഉൾക്കൊള്ളുവാനോ കഴിയാറില്ല. നമ്മുടെ ഭാഷ സംസാരിക്കുകയും നമ്മുടെ സംസ്കാരവും അഭിരുചികളും വച്ചുപുലൎത്തുന്ന മനുഷ്യരോടാണ് നമ്മുക്ക് എപ്പോഴും കൂടുതൽ താത്പര്യം. ഇതുപോലുള്ള അതിർവരുമ്പകൾക്ക് അപ്പുറമായി ചിന്തിക്കുവാൻ യേശു എന്ന ഇടയൻ നമ്മേ ഓൎമ്മിപ്പിക്കുന്നു. തന്റെ ആഗോള ആട്ടിൻ തൊഴുത്തിൽ എല്ലാത്തരം ആടുകളും ഉണ്ട്. അവരെല്ലാം ഐക്യതയോടും സമാധാനത്തോടും കഴിയേണം എന്ന് ശ്രേഷ്ഠ ഇടയൻ ആഗ്രഹിക്കുന്നു.

ഉപസംഹാരം

യേശുവിന്റെ ഇടയ ശുശ്രൂഷ എല്ലാ ക്രൈസ്തവ വേലക്കാർക്കും ഒരു മാതൃകയാണ്. ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ ഒരു മഹത്തായ ശുശ്രൂഷയാണ് യേശു കാഴ്ചവച്ചത്. യേശുവിന്റെ മനസ്സലിവും എളിമയും ഉത്സാഹവും എരിവും കഠിനാധ്വാനവും നമ്മുക്ക് ആവശ്യമാണ്. “എന്റെ ആടുകളെ മേയിക്ക” എന്നു യേശു പറയുമ്പോൾ അത് ഒരു ഉയൎന്ന സിംഹസനത്തിൽ ഇരിക്കുവാനുള്ള വിളിയല്ല, മറിച്ച് ദാസനെ പോലെ എല്ലാവരെയും സേവിക്കുവാനുള്ള ആഹ്വാനമാണ്. സ്വന്ത ജീവനെ എങ്ങനെ രക്ഷിക്കാം എന്ന് ചിന്തിക്കുന്നതിനു പകരം ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിനു വേണ്ടി ജീവൻ പോലും കൊടുക്കുവാൻ നാം ഒരുക്കമുള്ളവരാകണം.

Originally published on philipeapen.com

This page has been viewed 1 time.

Share This Page

Leave a Comment